Wednesday, July 2, 2008

കാറ്റ്...

ഒരു വലിയ മരത്തിന്റെ ചുവട്ടില്‍ ആണ് അവള്‍. മുന്നില്‍ ശബമുണ്ടാക്കാതെ ഒഴുകുന്ന പുഴയില്‍ കാര്‍മേഘം പാതി മറച്ച പൂര്‍ണ ചന്ദ്രനെ കാണാം. അരണ്ട വെളിച്ചത്തില്‍ അവളുടെ മുഖം കാണാനാവുന്നില്ല. രാത്രിയില്‍ ഇവള്‍ അവിടെ എന്തെടുക്കുകയാണ്? അവള്‍ നോക്കിനിക്കുന്നത് മുകളില്‍ മേഘങ്ങല്‍ക്കിടയിലെ ചന്ദ്രനെയോ താഴെ പുഴയെയോ അല്ല. രാത്രിയുടെ സൌന്ദര്യവും നിഗൂഡതയും ഉള്ളിലേക്ക് ആവാഹി ച്ചതുപോലെ ദൂരേക്ക്‌ നോക്കിയിരിക്കുകയാണ് അവള്‍.
അടുത്തേക്ക്‌ ചെന്നാലോ? വേണ്ട. പുഴയുടെ സൌന്ദര്യമാസ്വദിക്കുന്ന നാളത്തെ ഒരു മാധവിക്കുട്ടി ആവാം ഇവള്‍. ഇവളുടെ കഥയില്‍ എന്തായാലും ഞാന്‍ ഒരു കഥാപാത്രമല്ല.

അതോ യക്ഷിക്കഥകളിലെ സ്ഥിരം ചുറ്റുപാടില്‍ വെളുത്ത വേഷം ധരിച്ചുനില്‍ക്കുന്ന യക്ഷിയോ?

കാറ്റ് അല്പംകൂടി ശക്തിയില്‍ വീശിയാല്‍ ചിത്രം കൂടുതല്‍ മനോഹരമാകുമായിരുന്നു.
ആരോ തന്നെ ശ്രദ്ധിക്കുന്നത് അവള്‍ തിരിച്ചറിഞ്ഞുവോ? മുഖത്തേക്കു വീണുകിടക്കുന്ന മുടി പുറകിലേക്ക് മാടിയൊതുക്കി അവള്‍ തിരിഞ്ഞു നോക്കുകയാണ്.. പുഴയിലെ ചന്ദ്രന്റെ വെളിച്ചത്തില്‍ അവളുടെ മുഖത്ത്‌ കണ്ണില്‍നിന്നും കവിളിലേക്കു ഒരു വെള്ളിച്ചാല്‍... അവള്‍ നില്കുന്നത് പുഴയുടെ തീരത്തല്ല.. ഇടനാഴിയുടെ അങ്ങേ അറ്റത്തു ബാല്‍കണിയില്‍ .. പുറത്തു മഴ പെയ്യുന്നുണ്ട്.. അവള്‍ എന്നെ കണ്ടിട്ടില്ല.. അവള്‍ എന്തു ചെയ്യാന്‍ പോക്കുകയാണ്?

സ്ക്രീനില്‍ വന്ന പോപ്പ്അപ് അവളെ എന്നില്‍ നിന്നും മറച്ചു.
സഹപ്രവര്‍ത്തകന്റെ IM- "Is it ready?"

ഞാന്‍ ചെറുതായി വിയര്‍ക്കുന്നുണ്ടോ? ഇതുവരെ ഞാന്‍ ശ്വാസം കഴിക്കുന്നു ണ്ടായി രുന്നില്ലേ? കസേരയില്‍ നിന്നും പതുക്കെ എണീറ്റ് ഞാന്‍ ജനാലയിലേക്ക് നടന്നു. പുറത്തു ഇപ്പോഴും മഴ പെയ്യുന്നുണ്ട്.

പതുക്കെ ഫോണ്‍ കയ്യിലെടുത്തു ഡയല്‍ ചെയ്തു.
"That black splash is no good. and that silver icon on top." ഞാന്‍ പറഞ്ഞു.
"It was her last work. Her family's here to collect her belongings. Are you in?"

ഞാന്‍ ജനാലയിലൂടെ താഴേക്ക് നോക്കി. ബാല്‍ക്കണിക്ക് താഴെ ദൂരെക്കൊഴുകുന്ന മഴവെള്ളത്തിനു ഇപ്പോഴും ആ ചുവന്ന നിറമുണ്ടോ?